ടി.പി. ചന്ദ്രശേഖരൻ വധക്കേസ്; ജാമ്യാപേക്ഷ മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി മൂന്നാഴ്ചയ്ക്ക് ശേഷം വാദം കേൾക്കും. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന പ്രതികളുടെ ആവശ്യം പരിഗണിച്ചെങ്കിലും, മറുപടി നൽകാൻ കെ.കെ. രമയുടെ അഭിഭാഷകൻ സമയം തേടുകയായിരുന്നു. സംസ്ഥാന സർക്കാരും ജാമ്യാപേക്ഷയിൽ മറുപടി നൽകും.
മുൻ സർക്കാരിന്റെ കാലത്തും പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ എത്തിയിരുന്നു. അന്ന് ജാമ്യത്തെ എതിർക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സിപിഎം നേതാവ് ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ, ഹീനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ടി.പി. വധക്കേസ് പ്രതികൾക്ക് പലതവണ പരോൾ അനുവദിച്ചത് നേരത്തെ വിവാദമായിരുന്നു. വിഷയം മുൻ പ്രതിപക്ഷം നിയമസഭയിലും ഉന്നയിച്ചിരുന്നു. ടി.പി. കേസിലെ പ്രതികൾക്ക് എന്താണ് പ്രത്യേക പരിഗണനയെന്ന ചോദ്യം ഹൈക്കോടതിയും ഉന്നയിച്ചിരുന്നു.
പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ. രമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
2012 മെയ് നാലിന് രാത്രി പത്ത് മണിയോടെയാണ് ആർഎംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.