ടാൽറോപ്പ് കൂട്ടപിരിച്ചുവിടൽ: തൊഴിൽ ഭവനിൽ ചർച്ച; ശമ്പള കുടിശ്ശിക നൽകാൻ ഒക്ടോബർ വരെ സമയം തേടി കമ്പനി

 

ടാൽറോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽ ഭവനിൽ ചർച്ച നടന്നു. ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എൽ. സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിനിധികളും കമ്പനി അധികൃതരും യോഗത്തിൽ പങ്കെടുത്തു.

ജീവനക്കാരുടെ ശമ്പള കുടിശ്ശിക, സെറ്റിൽമെന്റ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. സ്ഥാപനത്തിൽ ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നില്ലെന്നും, തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ ജീവനക്കാരുടെ പ്രതിനിധികളാണ് എത്തിയതെന്നും കെ.എം. സുനിൽ പറഞ്ഞു.

കമ്പനിയെ പ്രതിനിധീകരിച്ച് സിഇഒ ജോൺ ജോസഫാണ് യോഗത്തിൽ പങ്കെടുത്തത്. ഏകദേശം 608 ജീവനക്കാരാണ് നിലവിൽ പ്രതിസന്ധിയിലായിരിക്കുന്നത്. ശമ്പള കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ലെന്നും കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സിഇഒ അറിയിച്ചു.

കുടിശ്ശിക ശമ്പളം ഉടൻ നൽകാൻ കഴിയില്ലെന്നും, അടുത്ത ഒക്ടോബർ വരെ സമയം അനുവദിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് തൊഴിൽ വകുപ്പ് വ്യക്തമാക്കി. തൊഴിലാളികളുടെ അടിസ്ഥാന അവകാശമാണ് ശമ്പളമെന്നും, കുടിശ്ശിക നൽകുന്നതിൽ വീഴ്ച തുടർന്നാൽ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അഡീഷണൽ ലേബർ കമ്മീഷണർ മുന്നറിയിപ്പ് നൽകി.

അടുത്ത ചർച്ച ജൂലൈ 25ന് മുമ്പ് നടത്തും. അന്ന് കമ്പനിയുടെ ചെയർമാൻ സഫീർ നേരിട്ട് പങ്കെടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ചർച്ചയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് ജീവനക്കാരുടെ പ്രതിനിധികൾ അറിയിച്ചു.

അതേസമയം, 21 സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ മാറ്റിയ നടപടി നിയമവിരുദ്ധമാണെന്നാണ് തൊഴിലാളികളുടെ ആരോപണം. ജോലി തിരികെ ലഭിക്കണമെന്നതിനേക്കാൾ, കുടിശ്ശികയായ ശമ്പളം ലഭിക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.