മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താനുള്ള തമിഴ്‌നാട് നീക്കം: എതിർപ്പുമായി എം എം മണി;കേരളത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണം
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള തമിഴ്‌നാട് സർക്കാരിന്റെ നീക്കത്തിനെതിരെ മുൻമന്ത്രി എം എം മണി. നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കരുത്. തമിഴ്നാടിന് ഇപ്പോൾ കൊടുക്കുന്ന അളവിൽ വെള്ളം കൊടുക്കണം. കേരളത്തിൻറെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണം എന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് സർക്കാരിന് തീരുമാനം എടുക്കാൻ മാത്രമേ കഴിയൂ എന്നും അത് നടപ്പാക്കാൻ കേരളത്തിന്റെ അനുമതി ആവശ്യമാണെന്നും എം എം മണി പറഞ്ഞു. കേരളത്തിന്റെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതു വിജയ് സർക്കാർ ആയാലും ഈ തീരുമാനം നടപ്പാക്കാൻ പറ്റില്ല. ഇടുക്കിയിലെ 3 താലൂക്കുകൾ തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന പ്രചരണത്തിലും അദ്ദേഹം പ്രതികരിച്ചു. പച്ച മലയാളത്തിൽ പറഞ്ഞാൽ അത് കയ്യിൽ വച്ചാൽ മതിയെന്ന് എ എം മണി മറുപടി നൽകി.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. കമ്പം താഴ്വരയിലെ കൃഷിയിടങ്ങളിലേക്ക് ജലം തുറന്നുവിടും. മന്ത്രി സി.ടി.ആർ നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്കായാണ് വെള്ളം ലഭ്യമാക്കുന്നത്.
സാധാരണയായി ജൂൺ ഒന്നിനാണ് ഷട്ടർ തുറക്കുന്നത്. എന്നാൽ ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനാൽ രണ്ട് മാസത്തിലധികം വൈകിയാണ് വെള്ളം തുറന്നുവിടുന്നത്.