പടന്നക്കാട് ടാങ്കർ ലോറി അപകടം; വാതക ചോർച്ച താൽക്കാലികമായി അടച്ചു

 

കാസർഗോഡ് പടന്നക്കാട് മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്നുള്ള പാചക വാതക ചോർച്ച താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. മംഗലാപുരത്തുനിന്ന് വിദഗ്ധ സംഘം എത്തിയാണ് ടാങ്കറിന്റെ വാൽവിനുള്ള തകരാർ പരിഹരിച്ചത്. ടാങ്കർ ഉയർത്തി പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്

ഇന്നലെ ഉച്ചയോടെയാണ് മംഗലാപുരത്തുനിന്ന് പാചകവാതകവുമായി കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി സ്വകാര്യ ബസ്സിന് സൈഡ് നൽകവേ വയലിലേക്ക് മറിഞ്ഞത്.

ഇന്ന് രാവിലെ മുതലാണ് വാൽവിന്റെ തകരാർ മൂലം വാതക ചോർച്ച ഉണ്ടായത്.ഏഴുമണിക്കൂറോളം നീണ്ടുനിന്ന വാതക ചോർച്ച നാല് യൂണിറ്റ് ഫയർഫോഴ്‌സും, പോലീസും, എൻഡിആർഎഫ് സംഘവും സംയുക്തമായാണ് നിയന്ത്രിച്ചത്

18 ടൺ ഭാരമുള്ള ടാങ്കറിൽ നിന്ന് മറ്റൊരു ടാങ്കറിലേക്ക് പാചകവാതകം മാറ്റുന്നതാണ് ഇനിയുള്ള ശ്രമകരമായ ദൗത്യം. ഇതിനായി ഏഴു മുതൽ 12 മണിക്കൂർ വരെ സമയമെടുക്കും. പാചകവാതകം മാറ്റുന്നതിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ടാങ്കർ ലോറി മറിഞ്ഞതിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വാഹന ഗതാഗതം നിരോധിച്ചു. പ്രദേശത്ത് മൊബൈൽ ഫോൺ, വൈദ്യുത ബന്ധങ്ങൾ വിച്ഛേദിച്ചു. വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനോ, പുകവലിക്കാനോ പാടില്ലെന്നും ഇൻവെർട്ടർ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.