സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം; സർക്കാരിനെതിരെ കോടതി അലക്ഷ്യ ഹർജി നൽകി അധ്യാപകർ

 
സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ കോടതി അലക്ഷ്യ ഹർജി നൽകി. 43 പേർക്ക് താത്കാലിക നിയമനം നൽകണമെന്ന ഉത്തരവ് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിൽ ഉൾപ്പെട്ട അധ്യാപകരാണ് കോടതി അലക്ഷ്യ ഹർജി നൽകിയത്.
പ്രിൻസിപ്പൽ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേർക്കും താത്കാലിക നിയമനം നൽകണമെന്ന ഉത്തരവ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സ്വാഗതം ചെയ്തിരുന്നു. എന്നാൽ
മന്ത്രി ഒന്നുപറയുമ്പോൾ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മറ്റൊന്നാണ് പ്രവർത്തിക്കുന്നത്. നിയമനം നൽകുമെന്ന് പറഞ്ഞ ആർക്കും നിയമനം കൊടുത്തില്ല. പകരം നിയമനം വൈകിപ്പിക്കാൻ പുതിയ ന്യായവുമായി സർക്കാർ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചു.
43 പേരുടെ ലിസ്റ്റിൽ 5 പേർ വിരമിച്ചതിനാൽ ഉത്തരവ് പുതുക്കി നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ വിരമിക്കാത്ത ബാക്കി 38 പേർക്കും നിയമനം നൽകാൻ യാതൊരു തടസ്സവുമില്ലാത്തപ്പോഴാണ് പുതിയ നടപടി. നിയമനം നൽകേണ്ട ഒരാൾ കോട്ടയം സ്വദേശിയായതിനാൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി നിയമനം നൽകുന്നതിന് തടസമുണ്ടെന്നാണ് അപേക്ഷയിലെ മറ്റൊരു വാദം.
കോടതി വിധി നടപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ബാധകമല്ലെന്ന് സുപ്രീംകോടതി വിധികൾ ഉള്ളപ്പോഴാണ് ഈ വാദം. നിയമനം നൽകാൻ ഇനിയും രണ്ടാഴ്ച വേണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. നിയമനം ഉടനുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് ആഗസ്റ്റ് 17നുള്ളിൽ നടപ്പാക്കേണ്ട ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് അധ്യാപകർ കോടതി അലക്ഷ്യ ഹർജി നൽകിയത്.