ടീം വി.ഡി സതീശൻ സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ
കേരളത്തിൽ ജനവിധി മാറ്റിമറിച്ച ചരിത്ര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫിന്‍റെ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ 10 മണി മുതൽ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഔദ്യോഗികമായി സത്യവാചകം ചൊല്ലിക്കൊടുക്കും. ഘടകകക്ഷികൾ ഉൾപ്പെടെ യു.ഡി.എഫിലെ മുഴുവൻ മന്ത്രിമാരും ഇന്നത്തെ ഒരൊറ്റ ചടങ്ങിൽ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നതാണ് ഈ മന്ത്രിസഭയുടെ പ്രത്യേകത.
മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 11 മന്ത്രിമാരാണ് പുതിയ മന്ത്രിസഭയിലുള്ളത്. വി.ഡി സതീശനൊപ്പം രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ടി. സിദ്ദിഖ്, ബിന്ദു കൃഷ്ണ, എം. ലിജു, റോജി എം. ജോൺ, ഒ.ജെ ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിമാരാകുന്നത്. മുൻപ് ഉയർന്ന ചില ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് തന്നെ മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം കക്ഷിയായ മുസ്‍ലിം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരാണ് മന്ത്രിസഭയിലെത്തുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗിനെ പ്രതിനിധീകരിച്ച് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. രണ്ടര വർഷം കഴിഞ്ഞാൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാറക്കൽ അബ്ദുല്ല ടേം വ്യവസ്ഥയിൽ മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചിട്ടുണ്ട്.
മറ്റ് ഘടകകക്ഷികളിൽ നിന്ന് മോൻസ് ജോസഫ് (കേരള കോൺഗ്രസ് ജോസഫ്), ഷിബു ബേബി ജോൺ (ആർ.എസ്.പി), സി.പി ജോൺ (സി.എം.പി), അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്) എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കൂടാതെ തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അപു ജോൺ ജോസഫിനെ ഗവൺമെൻ്റ് ചീഫ് വിപ്പായി നിയമിക്കാനും മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറാക്കാനും ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറാക്കാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രമുഖ യു.ഡി.എഫ് നേതാക്കളും കായിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ചരിത്ര സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്ത് എത്തിച്ചേർന്നിട്ടുണ്ട്.