സാങ്കേതിക വീഴ്ച; എൽ.ഐ.സി 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ഉത്തരവുമായി കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷൻ
ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്പനി(എൽ.ഐ.സി)യുടെ സാങ്കേതിക വീഴ്ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരനു നൽകണമെന്ന് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പ്രവാസിയായ അന്തരിച്ച ജീമോൻ എന്ന വ്യക്തിയുടെ ഭാര്യയും മകളുമാണ് പരാതിക്കാർ.
രണ്ടരക്കോടി രൂപ ലൈഫ് പരിരക്ഷയുള്ള ജീവൻ ഉമംഗ് പോളിസിയാണ് 2020 ജനുവരി മൂന്നിന് 20,72,565 രൂപ പോളിസി നിക്ഷേപം ആയി നൽകി ജീമോന്റെ പേരിൽ എടുത്തത്. എൽ ഐ സി ആവശ്യപ്പെട്ട വൈദ്യപരിശോധനയ്ക്കും ജീമോൻ വിധേയനായി. തുടർന്ന് പോളിസി ലഭിക്കാനുള്ള അപേക്ഷ നൽകി ലണ്ടനിലേക്ക് പോയി. എന്നാൽ കൊവിഡ് വ്യാപിച്ചതോടെ പ്രവാസികൾക്ക് ലൈഫ് ഇൻഷുറൻസ് പോളിസി അനുവദിക്കുന്നത് എൽ ഐ സി. താൽക്കാലികമായി നിർത്തി.
ഇതിനിടെ ലണ്ടനിൽവെച്ച് കൊവിഡ് ബാധിച്ച് ജീമോൻ മരിച്ചു. തുടർന്ന് അവകാശികൾ ഇൻഷുറൻസ് തുക ആവശ്യപ്പെട്ടപ്പോൾ നിയമപരമായ ഇൻഷുറൻസ് കരാർ നിലവിലില്ലെന്നു ചൂണ്ടിക്കാട്ടി എൽ ഐ സി. പരിരക്ഷ നിഷേധിച്ചു. അതേസമയം പ്രീമിയം തുകയായ 20,72,565/ രൂപ 2021 ജനുവരിയിൽ തിരികെ നൽകി. ഇതിനെതിരേയുള്ള പരാതി സ്വീകരിച്ച ഉപഭോക്തൃ കമ്മിഷൻ വിശദമായ തെളിവെടുപ്പു നടത്തി. നിയമപരമായ ഇൻഷുറൻസ് കരാർ നിലവിലില്ലാത്തതിനാൽ രണ്ടരക്കോടിയുടെ പരിരക്ഷയ്ക്ക് അവകാശികൾ അർഹരല്ല എന്നു കമ്മിഷൻ കണ്ടെത്തി.