സാരഥി വെബ്‌സൈറ്റിൽ സാങ്കേതിക തകരാർ; സംസ്ഥാനത്ത് ലേണേഴ്സ് പരീക്ഷകൾ രണ്ടുദിവസമായി മുടങ്ങി

 

സംസ്ഥാനത്ത് ലേണേഴ്സ് ലൈസൻസ് പരീക്ഷകളുടെ നടത്തിപ്പ് പ്രതിസന്ധിയിൽ. സാരഥി വെബ്‌സൈറ്റിലെ സാങ്കേതിക തകരാറിനെ തുടർന്ന് തുടർച്ചയായി രണ്ടുദിവസമായി ഓൺലൈൻ ലേണേഴ്സ് പരീക്ഷകൾ നടത്താനായിട്ടില്ല. ഇതോടെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്.സാരഥി പോർട്ടൽ വഴിയാണ് ലേണേഴ്സ് പരീക്ഷകൾ ഓൺലൈനായി നടത്തുന്നത്. എന്നാൽ വെബ്‌സൈറ്റ് തുറക്കുന്നുണ്ടെങ്കിലും 'എറർ' സന്ദേശം കാണിച്ച് പിന്നീട് പ്രവർത്തനം നിലയ്ക്കുന്നതായാണ് ഉദ്യോഗാർത്ഥികളുടെ പരാതി.നെറ്റ്വർക്ക് സംബന്ധമായ സാങ്കേതിക പ്രശ്‌നമാണ് തടസത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വിശദീകരിച്ചു. തകരാർ എത്രയും വേഗം പരിഹരിച്ച് പരീക്ഷകൾ പുനരാരംഭിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.