ടെറ്റ് നിർബന്ധം: പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീംകോടതി, കാലാവധി മൂന്ന് വർഷമാക്കി
ടെറ്റ് യോഗ്യത നിർബന്ധമാക്കിയ വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീംകോടതി. എന്നാൽ, 2010 ന് മുമ്പ് നിയമിതരായ അധ്യാപകർക്ക് ടെറ്റ് വിജയിക്കാനുള്ള സമയപരിധിയിൽ കോടതി ഇളവ് അനുവദിച്ചു. മുമ്പ് നൽകിയിരുന്ന രണ്ട് വർഷത്തെ കാലാവധി ഒരു വർഷം കൂടി നീട്ടി മൂന്ന് വർഷമാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.സംസ്ഥാന സർക്കാർ ഉൾപ്പെടെ വിവിധ അധ്യാപക സംഘടനകളും ദേശീയ അധ്യാപക പരിഷത്തും സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. 2010 ന് മുമ്പ് നിയമിതരായ അധ്യാപകർക്കും ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെയായിരുന്നു ഹർജികൾ.
ജസ്റ്റിസ് ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ജോലി ചെയ്യുന്ന അധ്യാപകർ ടെറ്റ് വിജയിക്കേണ്ടത് നിർബന്ധമാണെന്ന് കോടതി വീണ്ടും വ്യക്തമാക്കി. സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് പ്രകാരം 2028 ഓഗസ്റ്റ് 31 നകം അധ്യാപകർ ടെറ്റ് വിജയിച്ചിരിക്കണം.സംസ്ഥാന സർക്കാർ, ദേശീയ അധ്യാപക പരിഷത്ത്, അധ്യാപക സംഘടനകൾ തുടങ്ങി 45 കക്ഷികളാണ് പുനഃപരിശോധന ഹർജികൾ സമർപ്പിച്ചത്.