താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് മാറ്റി സ്ഥാപിച്ചേക്കും
കോഴിക്കോട് താമരശ്ശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ട് മാറ്റി സ്ഥാപിച്ചേക്കും. സർക്കാരിന്റെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താനുള്ള നീക്കമാണ് നടക്കുന്നത്. ജനവാസ മേഖലയിൽ പ്ലാന്റ് പ്രവർത്തിക്കുന്നതിനെതിരെ ശക്തമായ ജനരോഷം ഉയർന്നിരുന്നു.ജനരോഷത്തെ തുടർന്ന് ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഫ്രഷ് കട്ട് അടച്ചിടാൻ തീരുമാനിച്ചിരുന്നു. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചാൽ ശക്തമായ സമരം തുടരുമെന്ന് ജനകീയ സമരസമിതി മുന്നറിയിപ്പ് നൽകിയിരുന്നു.
കനത്ത മഴയിൽ ഫ്രഷ് കട്ടിൽ വെള്ളമുയരുകയും മാലിന്യം അടങ്ങിയ വെള്ളം സമീപത്തെ ജലസ്രോതസ്സുകളിലേക്ക് വ്യാപിക്കുകയും ചെയ്തു എന്നാണ് പ്രദേശവാസികളുടെ പരാതി. തുടർന്ന് എംഎൽഎ പി കെ ഫിറോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോർഡ് സ്റ്റോപ്പ് മെമ്മോ നൽകിയത്.എന്നാൽ ഹൈക്കോടതി ഇതിന് സ്റ്റേ നൽകുകയായിരുന്നു.പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ട് പരിഗണിച്ചാണ് പ്ലാന്റ് മാറ്റി സ്ഥാപിക്കാൻ മാനേജ്‌മെന്റ് സമ്മതം അറിയിച്ചതെന്നാണ് വിവരം.സർക്കാരിന്റെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താനാണ് നിലവിലെ നീക്കം. അതേസമയം, പ്രദേശത്തെ നിലവിലെ സാഹചര്യം സംബന്ധിച്ച് ജില്ലാ കലക്ടർ നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.