താമരശ്ശേരിയിൽ യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
കോഴിക്കോട് താമരശ്ശേരിയിൽ 22കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെതിരെ കുടുംബം രംഗത്ത്. വിവാഹത്തിൽ നിന്ന് അവസാന നിമിഷം പിന്മാറിയതാണ് മകൾ ആത്മഹത്യ ചെയ്യാൻ കാരണമായതെന്ന് നന്ദന പ്രദീപിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.കഴിഞ്ഞ എട്ടാം തിയ്യതിയാണ് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) തൂങ്ങി മരിച്ചത്. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു നന്ദനയെ വീട്ടിലെ ഡൈനിങ് ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് മാൾ സന്ദർശിച്ച അവസരത്തിലാണ് ചൈനീസ് ഷെഫായ കൊണ്ടോട്ടി പുളിക്കൽവയൽ സ്വദേശി അഭിനവിനെ നന്ദന പരിചയപ്പെടുന്നത്. ഫോൺ നമ്പർ കൈമാറി ഇരുവരും സൗഹൃദം ആരംഭിക്കുകയും പിന്നീട് വിവാഹ താൽപര്യം അറിയിക്കുകയും ചെയ്തു. തുടർന്ന് ഇരു വീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹ ഒരുക്കങ്ങൾ തുടങ്ങി. അഭിനവിന്റെ വീട്ടുകാർ താമരശ്ശേരിയിലെ നന്ദനയുടെ വീട്ടിലേക്ക് വരികയും ചെയ്തു. വിവാഹ നിശ്ചയത്തിന്റെ ഭാഗമായി വളയിടൽ തിയ്യതിയും കുറിച്ചു. ഇതിനിടെയാണ് അഭിനവ് വിവാഹത്തിന് താൽപര്യമില്ലെന്ന വിവരം നന്ദനയെ അറിയിച്ചത്. ഇതിൽ മനംനൊന്താണ് മകൾ ജീവനൊടുക്കിയത് എന്നാണ് കുടുംബം ആരോപിക്കുന്നത് .