അത് കോണ്‍ഗ്രസ് നിലപാടല്ല; ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റില്‍ നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി

 

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്‌സ് പോസ്റ്റില്‍ നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി. പോസ്റ്റ് പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്നും ഉത്തരവാദിയായ വ്യക്തിയെ ചുമതലകളില്‍ നിന്ന് നീക്കിയതായും സുപ്രീംകോടതി അഭിഭാഷകന്റെ വക്കീൽ നോട്ടീസിന് സണ്ണി ജോസഫ് മറുപടി നൽകി

എക്‌സിലെ പരാമര്‍ശം കോണ്‍ഗ്രസ് നയമല്ല. അനുചിതമായ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നീക്കം ചെയ്തതു. വിജയ് തോട്ടത്തില്‍ എന്നയാളാണ് കെപിസിസിയുടെ അറിവില്ലാതെ പോസ്റ്റ് ഇട്ടതെന്നും ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ് നിലപാടല്ലെന്നുമാണ് കെപിസിസയിയുടെ വിശദീകരണം.

'പ്രിയ സൂര്യകാന്ത്, നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയില്‍ വരുന്നതല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ പകരം കണ്ടെത്തിക്കൊള്ളാം'' എന്നായിരുന്നു കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്. വിമര്‍ശനം ഉയര്‍ന്നതോടെ ഹൈക്കാമാന്‍ഡ് പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.