20 വർഷത്തെ കാത്തിരിപ്പിന് വിരാമം;ഉമ്മയെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് റഹീം
സൗദിയിൽ നിന്ന് 20 വർഷത്തിന് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ നിറകണ്ണുകളോട് കൂടിയാണ് റഹീമിന്റെ ഉമ്മ സ്വീകരിച്ചത്. ഉമ്മയെ ചേർത്തുപിടിച്ച് റഹീം പൊട്ടിക്കരഞ്ഞു. ബന്ധുക്കളും നാട്ടുകാരും വലിയ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.നാട്ടുകാർക്ക് കൈവീശി അഭിവാദ്യം ചെയ്ത റഹീം, തനിക്കായി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ചു.രാവിലെ 7.35-നാണ് അദ്ദേഹം വിമാനത്താവളത്തിൽ എത്തിയത്.
പെരുന്നാൾ ദിനത്തിൽ റഹീമിന്റെ ഉമ്മയ്ക്ക് മലയാളികൾ നൽകിയ സ്‌നേഹ സമ്മാനമായി ഇത് മാറി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തത് ചരിത്രമായിരുന്നു. 34 കോടി രൂപയാണ് ദയാധനമായി സമാഹരിച്ച് കോടതിയിൽ നൽകിയത്. ഇതേത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു.
ഇന്നലെ ജയിൽ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. റഹീമിന്റെ ജയിൽ മോചന ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് അധികൃതർ ഒപ്പുവെച്ചത്. 2006 ൽ സൗദിയിൽ വെച്ച് നടന്ന കൊലപാതകത്തിൽ റഹീം പ്രതിചേർക്കപ്പെടുകയും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയുമായിരുന്നു. കേസിൽ 20 വർഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്. റഹീമിന്റെ ശിക്ഷാ കാലാവധി ഈ മാസം 20ന് അവസാനിച്ചിരുന്നു. പിന്നീട് 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കുകയായിരുന്നു