ഇടിമിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്‌മദത്തന്റെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്തു
ഇടിമിന്നലേറ്റ് ചരിഞ്ഞ പ്രശസ്ത നാട്ടാന പല്ലാട്ട് ബ്രഹ്‌മദത്തന്റെ (പുതുപ്പള്ളി ബ്രഹ്‌മദത്തൻ) ചിതാഭസ്മം തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ അസ്ഥിക്കടവിൽ ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്തു. ആനയുടെ ഉടമസ്ഥരായ പി.വി. സുരേഷ് കുമാറും കുടുംബവും ചേർന്നാണ് ചടങ്ങുകൾ നടത്തിയത്. നീരിളക്കത്തെ തുടർന്ന് കോട്ടയത്തെ ഉടമയുടെ വീട്ടുവളപ്പിൽ തളച്ചിരിക്കെ കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് 'ഗജകൗസ്തുഭം' എന്ന് ആനപ്രേമികൾ വിശേഷിപ്പിക്കുന്ന ബ്രഹ്‌മദത്തന് മിന്നലേറ്റത്.
കേരളാ ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ബ്രഹ്‌മദത്തൻ തൃശൂർ പൂരം, ഏറ്റുമാനൂർ, തിരുനക്കര ഉൾപ്പെടെയുള്ള പ്രശസ്ത ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു. 1999-ൽ അരുണാചൽ പ്രദേശിൽ നിന്ന് കേരളത്തിലെത്തിച്ച ഈ ആന, തികഞ്ഞ ശാന്തത കൊണ്ടും ഗാംഭീര്യം കൊണ്ടും ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു.