ഭഗവതിമാർ ഇന്ന് ഉപചാരം ചൊല്ലിപ്പിരിയും; മറ്റൊരു പൂരക്കാലത്തിനായി ഇനി ഒരു വർഷത്തെ കാത്തിരിപ്പ്
വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് ഇന്ന് സമാപനമാകും. പൂരത്തിന് സമാപനം കുറിച്ചുകൊണ്ട് പകൽ 12:30-ന് പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയും. വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേനടയിലെ ശ്രീമൂലസ്ഥാനത്തെത്തിയാണ് ഇരു വിഭാഗങ്ങളും അടുത്ത വർഷത്തെ പൂരത്തിന് കാണാമെന്ന് പ്രഖ്യാപിച്ച് വിടവാങ്ങുന്നത്.
ഉപചാരം ചൊല്ലലിന് മുന്നോടിയായി രാവിലെ എട്ടോടെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽ നിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽ നിന്ന് തിരുവമ്പാടിയും എഴുന്നള്ളിപ്പ് നടത്തി. ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വർഷത്തെ പൂരം തീയതി പ്രഖ്യാപിക്കും. രാത്രി ഉത്രം വിളക്കോടെ കൊടിയിറക്കുന്നതോടെ ഈ വർഷത്തെ പൂരാഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരശ്ശീല വീഴും.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന്റെ പ്രധാന ആകർഷണമായ കരിമരുന്ന് പ്രയോഗം ഇത്തവണ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. ഇന്ന് പുലർച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ടിന് പകരം ആചാരപരമായ കതിനകൾ പൊട്ടിച്ചാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. പാറമേക്കാവ് വിഭാഗം മൂന്ന് കതിനകളും പിന്നാലെ തിരുവമ്പാടി ഒരു കതിനയും പൊട്ടിച്ചു. സാധാരണ ഗതിയിൽ പുലർച്ചെ മൂന്ന് മണി മുതൽ മണിക്കൂറുകളോളം നീളുന്ന വർണ്ണാഭമായ വെടിക്കെട്ടാണ് തൃശൂർ പൂരത്തിന് നടക്കാറുള്ളത്. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും മറ്റ് ചടങ്ങുകളിലും മേളങ്ങളിലും തൃശൂർ പൂരത്തിന്റെ പ്രൗഢിക്ക് മാറ്റുകുറഞ്ഞില്ല. വടക്കുന്നാഥന്റെ മണ്ണിൽ നിന്ന് അടുത്ത വർഷത്തെ പൂരത്തിനായി കാത്തിരിക്കാമെന്ന ഉറപ്പോടെ പൂരപ്രേമികൾ ഇന്ന് മടങ്ങും.