സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് കാണാതായ മലയാളി ജിയോളജിസ്റ്റിന്റെ മൃതദേഹം കണ്ടെത്തി
സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷൻ (NHPC) സീനിയർ മാനേജരും ജിയോളജിസ്റ്റുമായ അനീഷ് മോഹന്റെ (42) മൃതദേഹം കണ്ടെത്തി. മണർകാട് കൊച്ചുമറ്റം കൂരോത്തുപറമ്പിൽ സ്വദേശിയായ അനീഷിന്റെ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെയാണ് എൻ.എച്ച്.പി.സി ഉദ്യോഗസ്ഥരും നിർമ്മാണക്കരാർ കമ്പനി ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെട്ടത്. ദുരന്തത്തിൽ ഇതുവരെ 20 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇനി 5 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം.
അനീഷിന്റെ ഭാര്യ ഡോ. സംഗീതയും സഹോദരൻ ബിനീഷും ഡൽഹിയിൽ നിന്ന് വിമാനമാർഗ്ഗം സിക്കിമിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 2011 മുതൽ എൻ.എച്ച്.പി.സിയിൽ സേവനമനുഷ്ഠിക്കുന്ന അനീഷ് ഏഴു മാസം മുൻപാണ് സിക്കിമിലേക്ക് സ്ഥലംമാറി എത്തിയത്. തോട്ടയ്ക്കാട് ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകൻ പി.കെ. മോഹനന്റെയും റിട്ട. അധ്യാപിക അമ്മിണിക്കുട്ടിയുടെയും മകനാണ്. മക്കൾ: അർണവ്, കാർത്യായനി.