തവാങ്ങിൽ തടാകത്തിൽ ഐസ് പാളി പൊട്ടി കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
അരുണാചൽ പ്രദേശിലെ തവാങ്ങിലുണ്ടായ അപകടത്തിൽ കാണാതായ രണ്ടാമത്തെ മലയാളി യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു. മലപ്പുറം സ്വദേശിയായ മാധവന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ച രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ ലഭിച്ചു. കൊല്ലം സ്വദേശിയായ ദിനുവിന്റെ മൃതദേഹം അപകടം നടന്ന വെള്ളിയാഴ്ച തന്നെ തിരച്ചിൽ സംഘം കണ്ടെടുത്തിരുന്നു.
കേരളത്തിൽ നിന്നും തവാങ്ങിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ സേല ഹിമതടാകത്തിന് മുകളിലെ ഐസ് പാളിയിലൂടെ നടക്കുമ്പോൾ അത് പൊട്ടി യുവാക്കൾ തടാകത്തിലേക്ക് വീഴുകയായിരുന്നു. കഠിനമായ തണുപ്പും മൂടൽമഞ്ഞും കാരണം കുറഞ്ഞ ദൃശ്യപരിധിയും തിരച്ചിലിന് വലിയ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. ഐടിബിപി, സശസ്ത്ര സീമാബൽ, എസ്ഡിആർഎഫ്, പ്രാദേശിക പോലീസ് എന്നിവർ നാട്ടുകാരുമായി ചേർന്ന് നടത്തിയ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മാധവന്റെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്.
നിലവിൽ രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം നടപടികൾക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അരുണാചൽ പ്രദേശ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.