പാലക്കാട് കുടിവെള്ള ടാങ്കിൽ  ഒരാഴ്ചയോളം പഴക്കം ഉള്ള നായയുടെ  ജഡം കണ്ടെത്തി

 

പാലക്കാട് കണ്ണാടിയിൽ ഇരുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിൽ അഴുകിയ നിലയിലുള്ള നായയുടെ ജഡം കണ്ടെത്തി. വെള്ളത്തിൽ നിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്.കഴിഞ്ഞ ദിവസങ്ങളായി പ്രദേശത്ത് വിതരണം ചെയ്തിരുന്ന വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. തുടർന്ന് വ്യാഴാഴ്ച വൈകിട്ട് പൈപ്പിലൂടെ പുഴുക്കൾ വരാൻ തുടങ്ങിയതോടെ സംശയം തോന്നി ടാങ്ക് പരിശോധിക്കുകയായിരുന്നു.ഒരു സ്വകാര്യ വ്യക്തി സ്ഥാപിച്ച പൊതുകുടിവെള്ള ടാങ്കാണിത്. ഇത് എപ്പോഴും അടച്ച നിലയിൽ സൂക്ഷിക്കാറുണ്ടെന്നും, നായ സ്വാഭാവികമായി വീഴാനുള്ള സാധ്യത ഇല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. സമീപത്തെ ക്ഷേത്രത്തിലെ വിവിധ ആവശ്യങ്ങൾക്കും ഈ വെള്ളം ഉപയോഗിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു.സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജഡത്തിന് ഏകദേശം ഒരു ആഴ്ചയോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. നായയുടെ മരണകാരണം വ്യക്തമാക്കാൻ മൃഗസംരക്ഷണ വകുപ്പ് പോസ്റ്റുമോർട്ടം നടപടികൾ നടത്തും.കുടിവെള്ളത്തിൽ ഇത്തരമൊരു ക്രൂരത കാട്ടിയവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.