ബ്രേക്കിട്ടത് കൂട്ടിയിടിക്ക് ഒരു സെക്കൻഡ് മുമ്പ്, അപകടത്തിന് 5 സെക്കൻഡ് മുമ്പ് 162 കി.മീ. വേഗത, അമിതവേഗം സ്ഥിരീകരിച്ച് BMW റിപ്പോർട്ട്
നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറപകടവുമായി ബന്ധപ്പെട്ട് ബി.എം.ഡബ്ല്യു (BMW) കമ്പനി സമർപ്പിച്ച സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു. കേസിൽ അന്വേഷണസംഘം സി.സി.ടി.വി ദൃശ്യങ്ങൾ വിശകലനം ചെയ്ത് കണ്ടെത്തിയ നിഗമനങ്ങൾ ശരിവെക്കുന്ന വിവരങ്ങളാണ് കാർ നിർമാതാക്കളായ ബി.എം.ഡബ്ല്യു പങ്കുവെച്ചിരിക്കുന്നത്.
അപകടസ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ടാണ് വാഹനം പിന്നിട്ടതെന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന് കൂടുതൽ ശാസ്ത്രീയമായ പിന്തുണ നൽകുന്നതാണ് വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് ബി.എം.ഡബ്ല്യു ഇന്ത്യ അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോർട്ട്.
കമ്പനിയുടെ റിപ്പോർട്ട് പ്രകാരം അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നു. കൂട്ടിയിടിയുടെ നിമിഷത്തിൽ വേഗത മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിന് വെറും ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ബ്രേക്ക് പെഡൽ അമർത്തിയതെന്നും ക്രാഷ് ഡാറ്റാ പരിശോധനയിൽ വ്യക്തമായി.
സി.സി.ടി.വി ദൃശ്യങ്ങൾക്ക് പുറമേ കാറിലെ സാങ്കേതിക വിവരങ്ങൾ കൂടി ലഭിച്ചത് കേസ അന്വേഷണത്തിൽ നിർണായക തെളിവാകും. അപകടത്തിന്റെ സാഹചര്യങ്ങൾ, ഡ്രൈവറുടെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ ആലുവ ഡി.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.