റോഡരികിൽ കിടന്നിരുന്ന കാർ ആക്രിവിലയ്ക്ക് വിറ്റു;  പരാതിയുമായി ഉടമസ്ഥൻ 

 

കേടായതിനെത്തുടർന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന കാർ ആക്രിവിലയ്ക്ക് യുവാവ് വിറ്റതായി പരാതി.മലപ്പുറം വട്ടംകുളം സ്വദേശി പരീച്ചി സിദ്ദിഖിൻറെ കാറാണ് 21കാരനായ യുവാവ് വിറ്റത്. വർഷങ്ങളോളമായി ഈ കാർ വഴിയരികിൽ തുരുമ്പിച്ച് കിടക്കുകയായിരുന്നു.പട്ടാമ്പിയിൽ നിന്നെത്തിയ ആക്രി വ്യാപാരികൾ ലോറിയുമായി കാറെടുക്കാനെത്തിയപ്പോഴാണ്  സംഭവം പുറത്തിറഞ്ഞത്

സിദ്ദിഖിന്റെ ഭാര്യ ഇടപെട്ട് കാർ എടുക്കുന്നത് തടഞ്ഞതോടെയാണ് കച്ചവടത്തിന്റെ കാര്യം ആക്രി വ്യാപാരികൾ പുറത്ത് പറഞ്ഞത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് 21 വയസുള്ള യുവാവ് തന്റെ വാഹനമാണെന്ന് അവകാശപ്പെട്ട് തങ്ങളുടെ കൈയിൽ നിന്ന് പണം വാങ്ങിയെന്ന് കച്ചവടക്കാർ അറിയിച്ചത്.

യുവാവിന് ഇവർ പണവും കൈമാറിയിരുന്നു. യുവാവിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ഒടുവിൽ തുക തിരിച്ചു നൽകാമെന്ന ധാരണയിലെത്തിയതോടെ പൊലീസ് കേസെടുക്കാതെ പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.