നഗ്‌നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; 'തൊപ്പി'ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്
സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിനെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്. നിഹാദ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
മൊഴിയെടുക്കാനായി ഹാജരാവണമെന്നാവശ്യപ്പെട്ട് തൊപ്പിയുടെ സുഹൃത്തുക്കൾക്ക് പൊലീസ് നോട്ടീസ് നൽകിയെങ്കിലും ഇതുവരെ ആരും തന്നെ ഹാജരായിട്ടില്ല. കേസിൽ നിഹാദ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഇതിനെ എതിർപ്പ് പൊലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് ഐടി നിയമപ്രകാരം എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ യൂട്യൂബ് തൊപ്പിയുടെ ചാനൽ നീക്കം ചെയ്തിരുന്നു.
തൊപ്പിയും ഗ്യാങ്ങും തെറ്റിപ്പിരിഞ്ഞതിനുശേഷം ഇവര്‍ താമസിക്കുന്ന സ്ഥലത്തുള്ള ലഹരി ഉപയോഗവും അശ്ലീല പദപ്രയോഗങ്ങളും പോക്‌സോ കേസ് ചുമത്താവുന്ന കുറ്റകൃത്യങ്ങള്‍ വരെ പരസ്പരം വിളിച്ചു പറഞ്ഞിരുന്നു.കളമശ്ശേരി പൊലീസും തൊപ്പിക്കെതിരെ അന്വേഷണം നടത്തിവരികയാണ്.