പൂച്ച പെറ്റ് കിടക്കുവല്ല;ഖജനാവിൽ 5,429 കോടി രൂപ ബാക്കി; സർക്കാരുകളുടെ സാമ്പത്തിക വാദങ്ങൾക്കിടെ വിവരാവകാശ കണക്കുകൾ പുറത്ത്
സംസ്ഥാന ഖജനാവിൽ നിലവിൽ 5,429 കോടി രൂപ ബാക്കി ഉണ്ടെന്ന് ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. ഈ മാസം ഒന്നുവരെയുള്ള കണക്കാണ് പുറത്തുവന്നത്. സർക്കാർ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് ഈ വിവരം പുറത്തായത്.എൽഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞ് യുഡിഎഫ് സർക്കാർ ചുമതലയേൽക്കുമ്പോഴുള്ള സാമ്പത്തിക നില സംബന്ധിച്ച ചർച്ചകൾ ശക്തമായിരിക്കെയാണ് പുതിയ കണക്ക് ശ്രദ്ധേയമാകുന്നത്. സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിവിധ രാഷ്ട്രീയ ആരോപണങ്ങൾക്കിടയിലാണ് ഔദ്യോഗിക രേഖ പുറത്തുവന്നത്.
കേരളം പാപ്പരായ സംസ്ഥാനമെന്ന എ കെ ആന്റണിയുടെ പ്രസ്താവന വിവാദമായിരുന്നു. പൂർണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളത്തിൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് പി എം എ സലാമും ഖജനാവ് കാലിയാണെന്ന് ആരോപിച്ചിരുന്നു.
എന്നാൽ ആന്റണിയുടെ പരാമർശത്തിന് പിന്നാലെ തന്നെ ഖജനാവ് കാലിയല്ലെന്നും 6000 കോടി രൂപ ബാക്കിവെച്ചാണ് ഇറങ്ങിയതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. പൂച്ച പെറ്റുകിടന്നെന്ന് ആക്ഷേപിച്ച ഖജനാവിൽ പണമുള്ളത് കൊണ്ടാണ് ഗ്യാരണ്ടികൾ നടപ്പാക്കാൻ കഴിയുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചിരുന്നു