മുഖ്യമന്ത്രിയെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിക്കണം, വെല്ലുവിളിക്കുന്ന മന്ത്രിമാരെ ഉടൻ പുറത്താക്കണം; ജി. സുധാകരൻ

 

യു.ഡി.എഫ് സർക്കാരിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾക്കും ഭിന്നതകൾക്കുമെതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന നേതാവും എം.എൽ.എയുമായ ജി. സുധാകരൻ രംഗത്തെത്തി. ഓരോരോ കാര്യങ്ങൾ നേടിയെടുക്കാനായി അനാവശ്യമായ തർക്കങ്ങൾ സൃഷ്ടിക്കാതെ മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരുണ്ടെങ്കിൽ അവരെ അപ്പോൾ തന്നെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഭരണപക്ഷത്തെ പോരുകളെ നിശിതമായി വിമർശിച്ചത്. അനാവശ്യമായ ആഭ്യന്തര കലഹങ്ങളും വ്യക്തിപരമായ അസംതൃപ്തികളും അവസാനിപ്പിച്ച് ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ നല്ലൊരു ഭരണം കാഴ്ചവെക്കാൻ ഇപ്പോഴും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിമാരിൽ കൊള്ളാത്തവർ ഉണ്ടെങ്കിൽ ഉടൻ തന്നെ മാറ്റണമെന്നും മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റ മന്ത്രി പോലും അധികാരത്തിൽ തുടരാൻ പാടില്ലെന്നും സുധാകരൻ തുറന്നടിച്ചു. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും, മുഖ്യമന്ത്രിയുടെ വിശ്വാസമുള്ളിടത്തോളം കാലം മാത്രമേ ഒരാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന ഇറക്കുന്ന മന്ത്രിമാർ എത്ര വലിയ നേതാവായാലും അവരെ പുറത്താക്കി പകരം ആളെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ട്; ഇടവും വലവും നോക്കാനുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അതിന് മുതിരാത്തതെന്ന് തനിക്കറിയാമെന്നും സുധാകരൻ പറഞ്ഞു.

പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചില എം.പിമാർക്ക് പോലും ഇപ്പോൾ സംസ്ഥാനത്ത് തിരിച്ചുവന്ന് മന്ത്രിയാകണമെന്ന ആഗ്രഹമാണുള്ളതെന്ന് സുധാകരൻ പരിഹസിച്ചു. ഓരോരുത്തരും അവരുടെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയാണെന്നും, നിയമസഭയേക്കാൾ വലുതാണ് പാർലമെന്റ് എന്ന പ്രാഥമിക തിരിച്ചറിവ് ഇവർക്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.