കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ; ചെറുവയൽ രാമനെ അനുസ്മരിച്ച് വി. ഡി. സതീശൻ
അന്തരിച്ച പ്രശസ്ത നെൽവിത്ത് സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ. വയനാടിന്റെ മണ്ണിൽ തലമുറകളുടെ ഓർമ്മകൾക്ക് കാവൽ നിന്ന കർഷകനായിരുന്നു ചെറുവയൽ രാമനെന്ന് അദ്ദേഹം അനുസ്മരിച്ചു. അന്യംനിന്നു പോകുമായിരുന്ന പാരമ്പര്യ നെൽവിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി വരുംതലമുറയ്ക്കായി കരുതിവെച്ച ചെറുവയൽ രാമൻ കാർഷിക പൈതൃകത്തിന്റെ യഥാർത്ഥ കാവൽക്കാരനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൃഷി വെറുമൊരു ഉപജീവന മാർഗ്ഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തിന് പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക കാർഷിക പുരസ്കാരം സമ്മാനിക്കാൻ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ കാർഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണെന്നും വി. ഡി. സതീശൻ കൂട്ടിച്ചേർത്തു.
വയറ്റുവേദനയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ചെറുവയൽ രാമൻ അന്തരിച്ചത്. വയനാട് എടവക പഞ്ചായത്തിലെ കമ്മനയിലുള്ള കുറിച്യ തറവാട്ടിൽ ജനിച്ച അദ്ദേഹം പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനായാണ് ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള 55-ഓളം നെൽവിത്തുകൾ അദ്ദേഹം സംരക്ഷിച്ചുപോന്നു. ബ്രസീൽ അടക്കം 11-ഓളം രാജ്യങ്ങളിലെ കാർഷിക സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹത്തിന് പത്മശ്രീ കൂടാതെ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.