മുന്നറിയിപ്പില്ലാതെ ഡാം തുറന്നു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഏകോപനമില്ലെന്ന് പിണറായി വിജയൻ
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരന്തനിവാരണത്തിൽ സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനമില്ലായ്മയും ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വിമർശിച്ചു.
വ്യാപാരികൾക്ക് കടകളിലെ സാധനങ്ങൾ സുരക്ഷിതമാക്കാൻ പോലും സമയം ലഭിച്ചില്ലെന്നും അതിന്റെ പേരിൽ അവർ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നെന്നും അദ്ദേഹം വിമർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണ്. ഭക്ഷണവിതരണത്തിൽ വീഴ്ചയുണ്ടായെന്ന് സർക്കാർ സംവിധാനങ്ങൾ തന്നെ സമ്മതിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരുടെ ഏകോപനക്കുറവ് കാരണം സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യേണ്ടി വന്നത്. സംസ്ഥാനത്തുടനീളം നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരക്കണക്കിന് മനുഷ്യരാണ് കഴിയുന്നത്. ഈ സാഹചര്യത്തിൽ ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കേണ്ടതാണ്.
ദുരന്തബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവ കൃത്യമായി ഉറപ്പാക്കണം. അതോടൊപ്പം, ഉണ്ടായ വീഴ്ചകൾ പരിശോധിച്ച് ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണം. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സംസ്ഥാനത്തൊട്ടാകെ 209 ക്യാമ്പുകളിലായി 5792 അന്തേവാസികൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 8 പേർ മരണപ്പെടുകയും 8 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട് എന്നത് വേദനാജനകമാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.