കേരളത്തിൽ പഴയ യുഡിഎഫ് കാലത്തെ ഇരുട്ട് തിരിച്ചുവരുന്നു; ബിജെപിക്ക് മൂന്നല്ല, നാല് എംഎൽഎമാരെന്ന് എം.വി. ഗോവിന്ദൻ
കേരളത്തിൽ പഴയ യുഡിഎഫ് ഭരണകാലത്തെ ഇരുട്ടാണ് ഇപ്പോൾ തിരിച്ചുവരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ സർക്കാരിനോ ബോർഡിനാ കഴിയാത്തതിലെ ആസൂത്രണപ്പിഴവാണ് ഇതിന് കാരണം. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം എഴുതിക്കൊടുത്ത ലിസ്റ്റ് പ്രകാരമാണ് പെൻഷൻ ഗുണഭോക്താക്കളെ നിശ്ചയിച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. കെ-സ്മാർട്ട് പോർട്ടൽ വഴി ഓൺലൈനായി മാത്രം സുതാര്യമായി അപേക്ഷിക്കുന്ന ഈ പദ്ധതിയിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്കും ഇടപെടാനാകില്ലെന്ന പ്രാഥമിക വിവരം പോലും മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി ആർഎസ്എസ് അനുകൂലിയായ എൻ. ശേഷാദ്രിനാഥനെ നിയമിച്ച തീരുമാനം മറ്റ് മന്ത്രിമാർ അറിഞ്ഞിട്ടില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി തന്നെ പരസ്യമായി രംഗത്തുവന്നത് ഗൗരവതരമാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ് സംഘപരിവാർ വിധേയത്വം തുടങ്ങിയത്. ബിജെപിക്ക് നിയമസഭയിൽ മൂന്ന് എംഎൽഎമാരല്ല, നാല് പേരുണ്ടെന്നും അതിലൊരാളാണ് മുഖ്യമന്ത്രിയെന്നുമുള്ള സോഷ്യൽ മീഡിയ പരിഹാസങ്ങൾ ശരിയാണെന്ന് തോന്നിപ്പിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ. ഒടുവിൽ ബിജെപിയുടെ പഠനശിബിരം നടത്താൻ കെപിസിസിയുടെ കീഴിലുള്ള സ്ഥാപനം വിട്ടുനൽകിയ വാർത്തയും പുറത്തുവന്നു. ഇനി കോൺഗ്രസ് നേതൃത്വം എപ്പോഴാണ് കെപിസിസി ആസ്ഥാനം ആർഎസ്എസിന് വിട്ടുനൽകുന്നത് എന്നറിയാൻ മാത്രമാണ് ജനങ്ങൾക്ക് താല്പര്യമെന്നും അദ്ദേഹം പരിഹസിച്ചു.
പിഎംഎവൈ പദ്ധതിയിലെ വീടുകളിൽ മോദിയുടെ പടവും ലോഗോയും വയ്ക്കാൻ കെ.എം. ഷാജിക്ക് വലിയ ആവേശമാണ്. മുൻപ് ഇടതുപക്ഷ സർക്കാരിന്റെ ലൈഫ് പദ്ധതി വഴി ലക്ഷക്കണക്കിന് വീടുകൾ നിർമ്മിച്ചപ്പോഴും ലോഗോയും പടവും വച്ചിരുന്നില്ല. ഇപ്പോൾ ലോഗോ വെക്കാൻ കാണിക്കുന്ന ആവേശം ആർഎസ്എസിനെ സുഖിപ്പിക്കാൻ വേണ്ടിയാണ്. കേന്ദ്രത്തിന്റെ കടന്നാക്രമണങ്ങളെ എൽഡിഎഫ് സർക്കാർ നെഞ്ചുറപ്പോടെ ചെറുത്തപ്പോൾ, ഒരു മാസം കൊണ്ട് യുഡിഎഫ് സർക്കാർ ആർഎസ്എസിന് മുന്നിൽ മുട്ടിലിഴയുകയാണ്. മതത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന സംഘപരിവാറിന്റെ കപടമുഖം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ ഫണ്ടിന്റെ കൊള്ളയിലൂടെ പുറത്തുവന്നിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.