റെഡ് അലേർട്ട് വൈകിയെന്ന ആക്ഷേപം തള്ളി ദുരന്തനിവാരണ അതോറിറ്റി; മുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് വിശദീകരണം
റെഡ് അലേർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്ന ആക്ഷേപം തള്ളി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മഴ മുന്നറിയിപ്പുകൾ നിരവധി ശാസ്ത്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നൽകുന്നതെന്നും മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് വ്യക്തമാക്കി.
കാലവർഷകാലത്ത് അലേർട്ടുകളെ മാത്രം ആശ്രയിച്ചല്ല മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്ന് ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. മഴ മുന്നറിയിപ്പുകൾ നൽകുന്നതിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾക്കനുസരിച്ച് മുന്നറിയിപ്പുകളിൽ മാറ്റം വരുത്തുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ആദ്യഘട്ടത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും പിന്നീട് സാഹചര്യം വിലയിരുത്തി റെഡ് അലേർട്ടിലേക്ക് മാറ്റുകയും ചെയ്യുന്നത് പതിവാണെന്ന് അദ്ദേഹം പറഞ്ഞു. റഡാറുകളിൽനിന്നും മറ്റ് കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ മാറുന്നതിനനുസരിച്ച് മൂന്ന് മണിക്കൂർ ഇടവേളകളിൽ വരെ മുന്നറിയിപ്പുകളിൽ മാറ്റം വരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ പെയ്യുന്ന മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുമെന്നും ഡോ. ശേഖർ കുര്യാക്കോസ് അറിയിച്ചു. വെള്ളിയാഴ്ച വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.