'ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ':പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും'; സർക്കാരിനെ പരിഹസിച്ച് വി. ശിവൻകുട്ടി
സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സി.പി.ഐ.എം നേതാവുമായ വി. ശിവൻകുട്ടി. വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരുമെന്ന് പറയാനാകില്ലെന്ന വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ പരിഹാസം.
'ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ' എന്ന കുറിപ്പോടെയാണ്, 'പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും' എന്ന പരിഹാസവാചകം വി. ശിവൻകുട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. മൺസൂൺ കാലത്തെ രൂക്ഷമായ ചൂടിനിടയിൽ രാത്രി കാലത്തുണ്ടാകുന്ന പവർ കട്ടിനെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് രാവിലെ പ്രതികരിച്ചിരുന്നു. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട ബാധ്യതയുണ്ടെന്നും, കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി വിശദീകരിച്ചു.ഇത് ഭരണപരാജയമാണെന്ന വിമർശനം ശരിയല്ലെന്നും, ഇടത് സർക്കാരിന്റെ കാലത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.