സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല; സ്‌ട്രോങ് റൂമിൽ തന്നെ ഉണ്ട്;ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി തിരുവാഭരണം കമ്മീഷന്‍
ശബരിമലയിൽ നേർച്ചയായി ലഭിച്ച സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കിരീടം സ്‌ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് തിരുവാഭരണം കമ്മീഷണർ റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം കിരീടം നേരിൽ പരിശോധിച്ച് ബോധ്യപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സന്നിധാനത്തെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന കിരീടം കാണാനില്ലെന്ന വാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ തിരുവാഭരണം കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സന്നിധാനത്ത് കിരീടം ഇല്ലെങ്കിൽ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശബരിമല സ്വർണക്കൊള്ള കേസിന് പിന്നാലെ അമൂല്യ വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്താൻ ഹൈക്കോടതി ജസ്റ്റിസ് കെ.ടി. ശങ്കരനെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. തമിഴ്നാട്ടിലെ ഭക്തൻ സമർപ്പിച്ച 55.72 പവൻ തൂക്കമുള്ള കിരീടമാണ് കാണാനില്ലെന്ന വാർത്തയിൽ പരാമർശിച്ചത്. എന്നാല്‍ കിരീടം എങ്ങും പോയിട്ടില്ല എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.