സർക്കാരിന് ബോർഡിന്റെ പ്രവർത്തനങ്ങളിൽ പൂർണ വിശ്വാസം'; കെ. ജയകുമാർ

 

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പോ അഭിപ്രായവ്യത്യാസമോ ഇല്ലെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ബോർഡിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയെ വിശദീകരിച്ചെന്നും സർക്കാരിന് ബോർഡിന്റെ പ്രവർത്തനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കെ. ജയകുമാർ. ബോർഡും സർക്കാരും തമ്മിൽ അവിശ്വാസമില്ലെന്നും രണ്ട് തട്ടിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം മന്ത്രിയുമായി ആശയവിനിമയ പ്രശ്നങ്ങളുണ്ടെങ്കിൽ അത് ഉടൻ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും നിലവിൽ വിയോജിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസം അരവണ ഉൽപാദനത്തിലോ വിതരണത്തിലോ കുറവുണ്ടാകുന്നത് സ്വാഭാവികമാണെന്നും വരാനിരിക്കുന്ന മണ്ഡലകാലത്ത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കൃത്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുമെന്നും കെ. ജയകുമാർ വ്യക്തമാക്കി. സർക്കാർ പൂർണമായും ദേവസ്വം ബോർഡിനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.