'ആശുപത്രികളിൽ സർക്കാർ ഭക്ഷണം നൽകണം'; പൊതിച്ചോറ് വിതരണത്തില്‍ വിശദീകരണവുമായി ജി. സുധാകരൻ
മെഡിക്കൽ കോളേജുകളിലെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി മുൻ മന്ത്രി ജി. സുധാകരൻ. മെഡിക്കൽ കോളേജുകളിലെ സൗജന്യ ഭക്ഷണവിതരണത്തിന് താൻ എതിരല്ലെന്നും, എന്നാൽ ആശുപത്രികളിൽ മുൻപുണ്ടായിരുന്നതുപോലെ സർക്കാർ തന്നെ നേരിട്ട് ഭക്ഷണം നൽകുന്ന രീതിയാണ് പുനഃസ്ഥാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച 'നക്ഷത്രത്തിളക്കം 2026' പുരസ്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സംഘടനകളുടെയും ബാനറിൽ ഭക്ഷണം കൊടുത്ത് ആശുപത്രി പരിസരങ്ങളെ മത്സരവേദിയാക്കി മാറ്റരുതെന്നും ഒരു ഉത്തരവാദപ്പെട്ട ജനപ്രതിനിധി എന്ന നിലയിലാണ് താൻ ഈ വിഷയം ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസ്താവനയെ താല്പര്യകക്ഷികൾ സോഷ്യൽ മീഡിയയിലൂടെ തെറ്റായ വാർത്തയാക്കി മാറ്റുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ മാത്രം ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണമെന്നും, മറ്റ് ആശുപത്രികളിലേതുപോലെ പുറത്തുനിന്ന് പാചകം ചെയ്ത ഭക്ഷണം എത്തിച്ച് വിതരണം ചെയ്യുകയാണ് വേണ്ടതെന്നും സുധാകരൻ നിർദ്ദേശിച്ചു. ഭക്ഷണ വിതരണത്തിന്റെ പേരിൽ പല സംഘടനകളും നടത്തുന്ന പണപ്പിരിവിന്റെ കണക്കുകൾ ആശുപത്രി വികസന സമിതിക്ക് നൽകി സുതാര്യത ഉറപ്പാക്കണം. ഇടതുപക്ഷ യുവജന സംഘടനകൾ മുൻകാലങ്ങളിൽ വീടുകളിൽ നിന്ന് ശേഖരിച്ച പൊതിച്ചോറുകളാണ് വിതരണം ചെയ്തിരുന്നതെന്നും എന്നാൽ ഇപ്പോൾ പണം പിരിച്ച് നടത്തുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.