ഹൈക്കോടതി വിധി അംഗീകരിക്കുന്നു; അപ്പീലിന് പോകില്ല, കൗൺസിലർമാർ വീണ്ടും സത്യവാചകം ചൊല്ലും: മേയർ വി വി രാജേഷ്

 

തിരുവനന്തപുരം നഗരസഭയിലെ 20 കൗൺസിലർമാരുടെ സത്യവാചകം അസാധുവാക്കിയ ഹൈക്കോടതി വിധി പൂർണമായി അംഗീകരിക്കുന്നതായി മേയർ അറിയിച്ചു. കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ കൗൺസിലർമാർ വീണ്ടും സത്യവാചകം ചൊല്ലുമെന്നും അപ്പീലിന് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കൗൺസിലർമാരുമായി കൂടിയാലോചിച്ച ശേഷം പുതിയ തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ഉള്ളത്. ഈ മാസം 29 ന് കൗൺസിൽ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് വീണ്ടും നടത്താൻ വിധിയില്ല. കേസ് പരാതി നൽകിയവർക്കാണ് തിരിച്ചടി കിട്ടിയത്.തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടതില്ല എന്നാണ് കോടതി പരാമർശം. മറ്റ് ചിലർ കൂടി പല ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. വിധി 101 പേർക്കും ബാധകമാണ്.അവരുടെ കാര്യത്തിൽ കൂടി നിയമവശം പരിശോധിക്കും. കേസ് നൽകിയവരുടെ ഉദ്ദേശശുദ്ധിയിൽ പ്രശ്നമുണ്ട്. സെലക്ടീവായാണ് കേസ് നൽകിയത്. ആരെയെങ്കിലും പ്രീതിപ്പെടുത്താനോ പ്രീണിപ്പിക്കാനോ ആണ് കേസ് നൽകിയത്. ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത വേറെയും കൗൺസിലർമാരുണ്ട്. രേഖകൾ പരിശോധിച്ച ശേഷം അക്കാര്യം പറയാം. പ്രതിപക്ഷ കൗൺസിലർ ആണെങ്കിലും അവർ പ്രതിസന്ധിയിൽ ആവരുതെന്നും വി വി രാജേഷ് പ്രതികരിച്ചു.

ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധം എന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയത്.നാല് ആഴ്ചയ്ക്കുള്ളിൽ കൗൺസിലർമാർ വീണ്ടും നിയമാനുസൃതമായി സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി നിർദേശിച്ചു. കോർപ്പറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഉത്തരവ് പുറപ്പൊടുവിച്ചത്.