വാഴവറ്റയിലെ വീട് ആന്റോ അഗസ്റ്റിന്റേത് തന്നെ; വാദം പൊളിക്കുന്ന ജിഎസ്ടി രേഖ പുറത്ത്
വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്ന റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വാദം പൊളിയുന്ന രേഖ പുറത്ത്. കഴിഞ്ഞ മാസം മൂന്നിന് കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് ഓഫീസിന് നൽകിയ മൊഴിയിൽ ആന്റോ അഗസ്റ്റിൻ നൽകിയിരിക്കുന്ന മേൽവിലാസം വാഴവറ്റയിലെ വീടിന്റേതാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട നികുതി കുടിശ്ശിക കേസിൽ നേരിട്ട് ഹാജരായി നൽകിയ മൊഴിയിലാണ് ഈ വിലാസമുള്ളത്.
അബ്കാരി കേസിൽ മദ്യശേഖരം പിടികൂടിയ വീട് ഭാര്യാമാതാവിന്റേതാണെന്ന ആന്റോയുടെ വാദം തള്ളുന്ന തെളിവുകൾ പ്രോസിക്യൂഷനും നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു. ആന്റോയുടെ പേരിൽ നികുതി അടച്ച രസീതും, അറസ്റ്റ് നടന്ന ദിവസം മുട്ടിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ സർട്ടിഫിക്കറ്റും വീട് ആന്റോയുടേതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ ജാമ്യം ലഭിക്കാനുള്ള അദ്ദേഹത്തിന്റെ വാദങ്ങളെ പൂർണമായും തള്ളുന്ന ജിഎസ്ടി രേഖകളും പുറത്തുവന്നിരിക്കുന്നത്.