ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തു ; കുടുംബം  പെരുവഴിയിലായി

 

 

എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം. കൊവിഡിൽ മടങ്ങി വന്ന പ്രവാസിയായ അജയന്റെ കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

വീട്ടിൽ ആളില്ലാത്തതിനാൽ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതർ വീടിനുളളിൽ കയറിയത്. രാവിലെ ജോലിക്ക് പോയ ഭാര്യയും ഭർത്താവും  പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്. വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്. പൂട്ടിയ വീടിനുളളിൽ കയറാനാകാതെ പുറത്ത് നിൽക്കുകയാണ് അജയനും ഭാര്യയും കുട്ടികളും.

എസ് ബി ഐയുടെ എംജി റോഡ് ശാഖയിൽ നിന്ന് 2014 ലാണ് അജയൻ 27 ലക്ഷം ലോൺ എടുത്തത്. ബെഹ്റിനിൽ ജോലി ചെയ്യവേ 14 ലക്ഷം തിരിച്ചു അടച്ചു. പ്രവാസിയായിരുന്ന അജയന് കോവിഡിൽ ഗൾഫിലെ ജോലി നഷ്ടം ആയി. പിന്നീട് നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് ലോൺ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ലോൺ തിരിച്ചടവ് പ്രതിസന്ധിയിലായത്. വീട് വിറ്റെങ്കിലും പണം തിരിച്ചടക്കാമെന്ന് കരുതിയതായിരുന്നുവെന്നും സാവകാശം ചോദിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.