'രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം'; കെ.പി.സി.സിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കെ.പി.സി.സിയുടെ (KPCC) ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ വന്ന വിവാദ പോസ്റ്റിൽ പാർട്ടി ഭാരവാഹികൾക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീം കോടതി. കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികൾക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. അഡ്വ. വിനീത് ജിൻഡാൽ നൽകിയ പൊതുതാൽപ്പര്യ ഹർജിയിൽ ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്.ഭരണഘടനയാണ് പരമോന്നതമെന്നും ഒരു വ്യക്തിയോ രാഷ്ട്രീയ സംഘടനയോ അതിന് അതീതരല്ലെന്നും കോടതി വ്യക്തമാക്കി.
വിധിന്യായങ്ങളെ വിമർശിക്കാമെങ്കിലും ഭീഷണിപ്പെടുത്താനോ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനങ്ങളിൽ ഇടപെടാനോ ഉള്ള മറയായി ആവിഷ്കാര സ്വാതന്ത്ര്യത്തെ കാണാൻ കഴിയില്ലെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു. നീതിന്യായ വ്യവസ്ഥയെയും കോടതിയുടെ അധികാരത്തെയും ദുർബലപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് കോടതി താക്കീത് നൽകി.ഒക്ടോബർ 12-നാണ് വിവാദമായ പോസ്റ്റ് എക്സ് (X) പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടത്.
വിമർശനങ്ങൾ ഉയർന്നതോടെ പോസ്റ്റ് നീക്കം ചെയ്യുകയും കെ.പി.സി.സി നേതൃത്വം മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. നേതൃത്വത്തിന്റെ അറിവോടെയല്ല പോസ്റ്റ് അപ്ലോഡ് ചെയ്തതെന്നും ഉത്തരവാദിയായ പ്രവർത്തകനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കെ.പി.സി.സി വ്യക്തമാക്കിയിരുന്നു. എന്നാൽ വിഷയം ഗൗരവമായി കാണുന്നതായി വ്യക്തമാക്കിയ കോടതി, മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദാതാർ, സിദ്ധാർത്ഥ് അഗർവാൾ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.