വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകും; ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തിൽ മാറ്റം

 

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കാന്തപുരം എ.പി. വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാൻ ധാരണ. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ടായിരിക്കും മുന്നോട്ടുപോകുകയെന്നും മന്ത്രി വ്യക്തമാക്കി.

സമവായത്തിന്റെ ഭാഗമായി മന്ത്രി ഇന്ന് വൈകുന്നേരം കാരന്തൂർ മർക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നേരിട്ട് ഇടപെട്ടാണ് അനുരഞ്ജന ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും സമവായ നീക്കങ്ങളിൽ നിർണായക പങ്കുവഹിച്ചു.

ധാരണപ്രകാരം കാന്തപുരം വിഭാഗം നിർദേശിക്കുന്ന പ്രതിനിധിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകും. ഇതിനായി നിലവിലെ ബോർഡ് അംഗം തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി രാജിവെച്ചേക്കും. പകരം, കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം അവർ ഒഴിയും. നിലവിലെ ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് രാജിവെച്ചശേഷം തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ ആ സ്ഥാനത്ത് നിയമിക്കാനാണ് ധാരണ.

കർശനമായ കാറ്റഗറി മാനദണ്ഡങ്ങൾ പാലിക്കേണ്ടിവന്നതിനാലാണ് ചില സംഘടനകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്നതെന്നും ആരെയും മനഃപൂർവം ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു.