രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ജനുവരി 29-ന്; സഭാ സമ്മേളനം 20 മുതൽ
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം ജനുവരി 20-ന് ആരംഭിക്കും. സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി 20-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളന നടപടികൾ തുടങ്ങുക. സംസ്ഥാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനമാണിത്.
സഭാ സമ്മേളന തീരുമാനത്തിന് പുറമെ സുപ്രധാനമായ മറ്റ് ചില തീരുമാനങ്ങളും മന്ത്രിസഭ കൈക്കൊണ്ടു. കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഉൾപ്പെടെ 159 പുതിയ തസ്തികകൾ സൃഷ്ടിക്കും. കേരള അഗ്രോ മിഷണറി കോർപ്പറേഷൻ, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ലിമിറ്റഡ് എന്നിവിടങ്ങളിലെ പെൻഷൻ പ്രായം 60 വയസ്സായി ഉയർത്താനും തീരുമാനമായി. കൂടാതെ ഗ്രാമപഞ്ചായത്ത്, നഗരസഭ, ലൈബ്രറികൾ, ശിശുമന്ദിരങ്ങൾ എന്നിവിടങ്ങളിൽ പത്തോ അതിലധികമോ വർഷമായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നൽകി.