ആലപ്പുഴയിൽ നിന്ന് കുംഭമേളക്ക് പോയ ആളെ കാണാനില്ല; അന്വേഷണം ആരംഭിച്ചു 

 

 

ആലപ്പുഴയിൽ നിന്ന്  കുംഭമേളക്ക് പോയ ആളെ കാണാനില്ലെന്ന് പരാതി. ആലപ്പുഴ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ജോജു ജോർജ്(43) ആണ് കാണാതായത്. ഫെബ്രുവരി 9നാണ് ട്രെയിൻ മാർഗ്ഗം പ്രയാഗ് രാജിലേക്ക് പോയത്. കൂടെ പോയ സുഹൃത്ത് ഷിജു 14 ന് തിരികെ എത്തി. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി കുടുംബം. പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം മഹാകുംഭമേള അവസാന ഘടത്തിലേക്ക് കടക്കുമ്പോൾ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കനത്ത സുരക്ഷയിലാണ് കുംഭമേള നടക്കുന്ന പ്രദേശം. ഏറെ മുന്നൊരുക്കങ്ങളാണ് കുംഭനഗറിൽ ഒരുക്കിയിരിക്കുന്നതും. ഇതിനെല്ലാം ഒപ്പം എത്തിച്ചേരുന്ന ഭക്തരുടെ സുരക്ഷയ്ക്കായി സദാ സജ്ജമായി സിആര്‍പിഎഫ് സേനയും രംഗത്തുണ്ട്.

കുംഭ നഗരിയിൽ കൈവിട്ടു പോയ പ്രായമായവരെയും കൂട്ടംതെറ്റിപ്പോയ കുട്ടികളെയും സുരക്ഷിതമായി തിരികെ കുടുംബത്തോടൊപ്പം ചേര്‍ക്കാനും സിആര്‍പിഎപ് ഉദ്യോഗസ്ഥര്‍ സഹായമൊരുക്കുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സജ്ജീകരണങ്ങളാണ് സിആര്‍പിഎഫ് കുംഭമേളയിൽ ഒരുക്കിയിരിക്കുന്നതത്.

സദാ ജാഗരൂഗരായി ഘട്ടുകളിലും, മേള മൈതാനങ്ങളിലും, പ്രധാന റൂട്ടുകളിലും സിആർപിഎഫ് ജവാൻമാർ 24 മണിക്കൂറും നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാനും, ആയിരക്കണക്കിന് ഭക്തർക്ക് മാർഗനിർദേശം നൽകുന്നതിലും സിആർപിഎഫ് ജവാൻമാർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഭക്തരെ ഏറെ സൗഹാര്‍ദ്ദപരമായി സഹായ സേവനങ്ങൾ നൽകാൻ സജ്ജമാണെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.