സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ

 

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് നാമകരണം ചെയ്യുന്നതിനായി അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഔദ്യോഗിക രേഖകളിൽ നിലവിലുള്ള 'കേരള' എന്ന പേര് മാറ്റി 'കേരളം' എന്നാക്കാൻ 2024 ജൂണിൽ കേരള നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തിന് പൂർണ്ണ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം കത്ത് നൽകിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ മഹത്തായ പൈതൃകവും സംസ്കാരവും പ്രതിനിധീകരിക്കുന്ന പേര് 'കേരളം' എന്നാണെന്നും അത് പുനരുജ്ജീവിപ്പിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രിക്കുള്ള കത്തിൽ അദ്ദേഹം സൂചിപ്പിച്ചു. വികസിതവും സുരക്ഷിതവുമായ ഒരു കേരളം സൃഷ്ടിക്കുന്നതിനൊപ്പം എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ വിഭജിക്കാനും മതത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ജില്ലകൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന തീവ്രവാദ ശക്തികളുടെ നീക്കങ്ങളെ തടയാൻ ഇത്തരം നടപടികൾ സഹായിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കത്തിൽ വ്യക്തമാക്കി.