വിമാനം താഴ്ന്നുപറന്നു; സ്‌കൂൾ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി

 

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. രാത്രിയായതിനാൽ സ്‌കൂളിൽ വിദ്യാർഥികളോ ജീവനക്കാരോ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

നെടുമ്പാശേരിയിലേക്ക് പോയ വിമാനം പ്രദേശത്തിന് മുകളിലൂടെ താഴ്ന്നുപറന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് സമാനമായ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും മേൽക്കൂരകൾക്ക് നേരത്തെയും ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.