പോളിങ് ശതമാനം പുറത്തുവിടണം; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി.ഡി. സതീശൻ

 

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിങ് നിലയും സംബന്ധിച്ച കണക്കുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.

നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള കണക്കുകൾ അടിയന്തരമായി ലഭ്യമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിൽ ബൂത്തിലെത്തി വോട്ട് ചെയ്തവരുടെ കണക്ക് പ്രകാരം 78.27 ശതമാനമാണ് പോളിങ്. ഇത് കഴിഞ്ഞ തവണത്തെക്കാൾ കൂടുതലാണ്. എന്നാൽ ഹോം വോട്ടുകൾ, പോസ്റ്റൽ വോട്ടുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള അന്തിമ കണക്ക് പുറത്തുവരാത്തത് ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

അതേസമയം, കണക്കുകൾ പ്രസിദ്ധീകരിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അവരുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. കണക്കുകൾ വൈകുന്നതിൽ ദുരൂഹതയില്ലെന്നും ഇൻഫർമേഷൻ വകുപ്പ് വഴി ചില ജില്ലകളിലെ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.