പാർട്ടിയിൽ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല; തിരുത്തേണ്ടവരെല്ലാം തിരുത്തണമെന്ന് എം.വി. ഗോവിന്ദൻ
പാർട്ടി കണ്ടെത്തിയ ദൗർബല്യങ്ങൾ തിരുത്തി മുന്നോട്ടുപോകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയിൽ തിരുത്തേണ്ടവരെല്ലാം തിരുത്തണമെന്നും ഇത് കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് മൂന്ന് മാസം കൂടുമ്പോൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരുമാനങ്ങൾ എടുക്കുന്നതുകൊണ്ട് മാത്രം കാര്യമായില്ലെന്നും അത് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് സംസ്ഥാന കമ്മിറ്റി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ പ്രശ്നങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ട്. സംഘടനാപരമായും നയപരമായും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും പുതിയ അവബോധത്തോടെ മുന്നോട്ടുപോകാനാണ് സി.പി.എം ഉദ്ദേശിക്കുന്നത്. പാർട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം പാർട്ടി വിദ്യാഭ്യാസവും ശക്തിപ്പെടുത്തും.
കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വർഗീയതയും അരാഷ്ട്രീയവാദവും സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നുണ്ട്. പുതിയ സാമൂഹിക സാഹചര്യത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനും വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും പാർട്ടിയുടെ മാധ്യമ സംവിധാനങ്ങളെ കൂടുതൽ സജ്ജമാക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.