മുഖ്യമന്ത്രിയും മന്ത്രിയും നൽകിയ ഉറപ്പ് പാലിച്ചു; ഒൻപതുവയസ്സുകാരി വിനോദിനിക്ക് ധനസഹായ കുടിശ്ശിക കൈമാറി
ചികിത്സാപ്പിഴവ് കാരണം കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപതുവയസ്സുകാരി വിനോദിനിക്ക് കുടിശ്ശിക വന്ന മൂന്ന് മാസത്തെ ധനസഹായം കൈമാറി. വനിതാ ശിശു വികസന വകുപ്പ് വഴി നൽകിവന്ന സഹായം മുടങ്ങിയെന്ന പരാതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ ഇടപെട്ടിരുന്നു.
തുടർന്ന് മുടക്കം വന്ന സഹായം എത്രയും വേഗം നൽകാൻ മന്ത്രി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുടിശ്ശികയായ 12,000 രൂപ കുട്ടിയുടെ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഇന്ന് ലഭ്യമായി. ജൂൺ മാസത്തെ ധനസഹായം ഉടൻ തന്നെ കൈമാറുമെന്നും തുടർന്നുള്ള മാസങ്ങളിൽ തുക കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
പാലക്കാട് പല്ലശ്ശന ഒഴിവുപറ സ്കൂളിലെ വിദ്യാർത്ഥിനിയായ വിനോദിനിയുടെ വിദ്യാഭ്യാസത്തിനായാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ തുടക്കത്തിൽ രണ്ട് മാസത്തെ തുക മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ നാല് മാസമായി സഹായം മുടങ്ങിക്കിടക്കുകയാണെന്ന് കുട്ടിയുടെ അമ്മ പരാതിപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായത്.