പൊതുജനങ്ങൾക്കും നിയമസഭയിൽ നേരിട്ട് ചോദ്യങ്ങൾ ഉന്നയിക്കാം; പ്രത്യേക ദിനം ആചരിക്കാൻ ആലോചന തുടങ്ങിയതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

 

ജനപ്രതിനിധി സഭയിൽ പൊതുജനങ്ങൾക്ക് നേരിട്ട് ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരമൊരുക്കുന്ന തരത്തിൽ 'ജനങ്ങളുടെ ദിവസം' ആഘോഷിക്കാനുള്ള കൂടിയാലോചനകൾ ആരംഭിച്ചതായി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിച്ച ‘അഭിപ്രായസ്വാതന്ത്ര്യവും ഫോർത്ത് എസ്റ്റേറ്റും. ഭാവിയിലേക്കുള്ള പുതിയ ചിന്താധാരകൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ യാതൊരുവിധ നിക്ഷിപ്ത താല്പര്യങ്ങൾക്കും വഴങ്ങരുതെന്നും സ്ഫടികം പോലെ സുതാര്യമായി ജനങ്ങളിലേക്ക് വിവരങ്ങൾ കൈമാറണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ താല്പര്യങ്ങൾ നിയമസഭ പൂർണ്ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ, മുഖ്യധാരാ മാധ്യമങ്ങളിൽ പലപ്പോഴും ഇടംപിടിക്കാത്ത സുപ്രധാന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നത് സാമൂഹികമാധ്യമങ്ങളിലൂടെയാണെന്ന് ചൂണ്ടിക്കാട്ടി. ഗാസയിലെയും ജന്തർമന്തറിലെയും സമരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നിർണ്ണായക വിവരങ്ങൾ പുറംലോകം അറിഞ്ഞത് സാമൂഹികമാധ്യമങ്ങൾ വഴിയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സാമൂഹികമാധ്യമങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തുന്ന തരത്തിലുള്ള കർശന നിയമനിർമ്മാണങ്ങൾക്ക് ലോകത്തിലെ വിവിധ രാജ്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞതായും ശശികുമാർ വ്യക്തമാക്കി.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകരായ എം.ജി. രാധാകൃഷ്ണൻ, വി.എസ്. രാജേഷ്, കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്, അംഗം വി. ഗീത, സെക്രട്ടറി കെ.എസ്. ശ്രീജ എന്നിവർ സംസാരിച്ചു; എഴുത്തുകാരനും ചിന്തകനുമായ എൻ.ഇ. സുധീർ ചർച്ചയിൽ മോഡറേറ്ററായിരുന്നു.