നിയമസഭയിൽ ഇനി പൊതുജനങ്ങൾക്കും ചോദ്യം ചോദിക്കാൻ അവസരമൊരുക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

 

നിയമസഭയിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ പൊതുജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരമൊരുക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ഇത് നടപ്പിലാക്കുന്നതിനായി വിദഗ്ദ്ധരുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ പുതിയ വോയ്‌സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ചില വിദേശ രാജ്യങ്ങളിലെ മാതൃകയിൽ, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മാത്രമല്ല, അവർക്ക് വോട്ട് ചെയ്ത ജനങ്ങൾക്കും നിയമസഭയിൽ നേരിട്ട് ഇടപെടാൻ അവസരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിയമസഭയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി 138 വർഷത്തെ പാരമ്പര്യമുള്ള കേരള നിയമസഭയിലെ പുസ്തകങ്ങളും രേഖകളും വരുംതലമുറയ്ക്കായി ഓഡിയോ ബുക്കുകളാക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്. ശ്രീകേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ. അലിയാർ, സൗണ്ട് പാർക്ക് അക്കാദമി ഡയറക്ടർ ബാലകൃഷ്ണൻ പെരിയ, ഐ.ജെ.ടി ഡയറക്ടർ പി.വി. മുരളീധരൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.