മഴയെത്തി, വൈദ്യുതി ഉപയോഗം കുറഞ്ഞു; ഇന്നലെയും ലോഡ്ഷെഡ്ഡിങ് വേണ്ടിവന്നില്ല

 

സംസ്ഥാനത്ത് മഴ വ്യാപകമായതോടെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറഞ്ഞതായി കെഎസ്ഇബി അറിയിച്ചു. ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു.അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി.

ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 82.25 ദശലക്ഷം യൂണിറ്റാണ്. ഉൽപാദനം 10.59 ദശലക്ഷം യൂണിറ്റ്. ഇറക്കുമതി 71.66ദശലക്ഷം യൂണിറ്റും ഉയർന്ന ആവശ്യകത 4410 മെഗാവാട്ട് ആണ്. വൈദ്യുതി ഉൽപാദനത്തിനായി കെഎസ്ഇബി ഡാമുകളിൽ അവശേഷിക്കുന്ന ജലം 21.87% മാത്രമാണ് എന്നാൽ അത് കഴിഞ്ഞ വർഷം 61.08% ആയിരുന്നു.

അതേസമയം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ചുരുങ്ങിയത് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകണമെന്ന് കെഎസ്ഇബിയോട് റെഗുലേറ്ററി കമീഷൻ നിർദേശം നൽകിയിരുന്നു.