റെക്കോർഡ് പുസ്തകം കൊണ്ടുവന്നില്ല; പ്ലസ് ടു വിദ്യാർഥിനിയെ ക്ലാസ് കഴിഞ്ഞും സ്‌കൂളിൽ നിർത്തിയെന്ന് പരാതി

 

റെക്കോർഡ് പുസ്തകം കൊണ്ടുവരാത്തതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനിയെ ക്ലാസ് കഴിഞ്ഞും വീട്ടിലേക്ക് വിട്ടില്ലെന്ന് പരാതി. ആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്‌കൂളിനെതിരെയാണ് വിദ്യാർഥിനിയും കുടുംബവും പരാതി നൽകിയത്. സ്‌കൂളിലെത്തിയ പിതാവിനോട് മാനേജ്‌മെന്റ് മോശമായി പെരുമാറിയെന്നും വിദ്യാർഥിനി ആരോപിച്ചു.

റെക്കോർഡ് പുസ്തകം കൊണ്ടുവരാത്തതിനെ തുടർന്ന് വൈകിട്ട് നാലരയ്ക്ക് ക്ലാസ് കഴിഞ്ഞിട്ടും ആറുമണിവരെ വിദ്യാർഥിനിയെ സ്‌കൂളിൽ പിടിച്ചുനിർത്തിയെന്നാണ് പരാതി. നടപടി രക്ഷിതാക്കൾ ചോദ്യം ചെയ്തതിന് പിന്നാലെ ടി.സി നൽകുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അവധിയെടുക്കുമ്പോൾ അധ്യാപകർ പരിഹസിക്കാറുണ്ടെന്നും വിദ്യാർഥിനി ആരോപിച്ചു.സംഭവത്തിൽ വിദ്യാർഥിനി ആലുവ പൊലീസിൽ പരാതി നൽകി. വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

അതേസമയം, വിഷയത്തെക്കുറിച്ച് പരിശോധിക്കും എന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതികരിച്ചു. നിലവിലുള്ള പ്രശ്‌നങ്ങള്‍ കുട്ടിയുടെ തുടര്‍പഠനത്തെ ബാധിക്കില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.കുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും രക്ഷിതാവ് അധ്യാപികയോട് മോശമായി പെരുമാറിയെന്നും ഇതിനെതിരെ അധ്യാപിക പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.