റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചു; ബസ് കയറി യുവാവിന് ദാരുണാന്ത്യം

 

തൃശ്ശൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചപ്പോൾ പിന്നാലെ വന്ന ബസ് കയറി യുവാവിന് ദാരുണാന്ത്യം. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ പത്മിനിയെ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ നഗരത്തിലെ ഒരു ഫാർമസിയിലെ ജീവനക്കാരനാണ് വിഷ്ണുദത്ത്. ക്ഷേത്ര ദർശനത്തിന് പോകുമ്പോൾ രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്.

അപകടം നടന്ന റോഡിൽ നിരവധി കുഴികളുണ്ട്. ഇത് അടക്കാൻ നാട്ടുകാരും കൗൺസിലർമാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോർപ്പറേഷൻ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു .കുഴിയിൽപ്പെടാതിരിക്കാൻ വിഷ്ണുദത്ത് സ്‌കൂട്ടർ വെട്ടിച്ചപ്പോൾ റോഡിൽ വീഴുകയായിരുന്നു. പിന്നാലെ എത്തിയ ബസ് വിഷ്ണുദത്തിനും അമ്മയ്ക്കും മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ കോൺഗ്രസും ബിജെപിയും നാട്ടുകാരും പ്രതിഷേധം നടത്തി.