നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി കോഴിക്കോട് ജില്ലാ കളക്ടർ

 

കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ച നിപ വൈറസിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. കേന്ദ്ര സംഘത്തിന്റെ പരിശോധനകൾ പൂർത്തിയായെങ്കിലും രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.കാടുകളോട് ചേർന്നുകിടക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിപ വൈറസ് ബാധയ്ക്ക് സാധ്യത കൂടുതലുള്ളതെന്ന് കളക്ടർ പറഞ്ഞു. നേരത്തെ കോഴിക്കോട് ജില്ലയിൽ മാത്രം ഒതുങ്ങിയിരുന്ന രോഗവ്യാപനം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലപ്പുറത്തേക്കും പാലക്കാട്ടേക്കും വ്യാപിച്ചുവരുന്നതായും അവർ ചൂണ്ടിക്കാട്ടി.

നിലവിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം, സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടെയും പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്നും കളക്ടർ അറിയിച്ചു.ആരോഗ്യമന്ത്രി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്നും, ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് ജില്ലാ കളക്ടർ എന്ന നിലയിൽ തന്റെ ചുമതലയെന്നും എം.എസ്. മാധവിക്കുട്ടി പറഞ്ഞു.

ജില്ലയിൽ ഇതുവരെ 120 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വ്യാപക ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, കിണറുകളും ജലസ്രോതസുകളും വൃത്തിയായി സൂക്ഷിച്ച് ഷിഗെല്ല രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു. ജില്ലയിൽ എല്ലാ പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.