സ്പീക്കറുടെ ചരിത്ര റൂളിംഗ്; ഡെപ്യൂട്ടി സ്പീക്കർക്കും ഇനി ശ്രദ്ധക്ഷണിക്കൽ പ്രമേയം കൊണ്ടുവരാം
കേരള നിയമസഭയിൽ 1991 മുതൽ തുടർന്നുവരുന്ന സുപ്രധാനമായ ഒരു സഭാ കീഴ്‌വഴക്കം തിരുത്തിക്കുറിച്ചുകൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർണ്ണായക റൂളിംഗ്. ഡെപ്യൂട്ടി സ്പീക്കർ പദവിയിലിരിക്കുന്നവർക്ക് സഭയ്ക്കുള്ളിൽ സ്വന്തം മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ സബ്‌മിഷനുകൾ ഉന്നയിക്കാനും ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾ അവതരിപ്പിക്കാനും ഇനി മുതൽ അനുമതിയുണ്ടായിരിക്കുമെന്ന് സ്പീക്കർ ചൊവ്വാഴ്ച സഭയെ അറിയിച്ചു. നിലവിലെ ഡെപ്യൂട്ടി സ്പീക്കറും അരൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയുമായ ഷാനിമോൾ ഉസ്മാൻ മുന്നോട്ടുവെച്ച നിർദ്ദേശം അംഗീകരിച്ചുകൊണ്ടാണ് സ്പീക്കർ ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വി.ഡി സതീശനും ഈ നിർദ്ദേശത്തിന് സഭയിൽ ശക്തമായ പിന്തുണ നൽകിയിരുന്നു.
കേരള നിയമസഭയുടെ ചരിത്രത്തിൽ 1957 മുതൽ 1991 വരെയുള്ള കാലയളവിൽ ഭൂരിഭാഗം ഡെപ്യൂട്ടി സ്പീക്കർമാരും സഭയിൽ സബ്‌മിഷനുകൾ ഉന്നയിച്ചിരുന്നു. എന്നാൽ, 1991-ൽ ഡെപ്യൂട്ടി സ്പീക്കർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും മന്ത്രിമാർക്ക് തുല്യമാക്കിയതിന് പിന്നാലെയാണ്, അവർ സഭയിൽ ഈ അവകാശം വിനിയോഗിക്കേണ്ടതില്ലെന്ന കീഴ്‌വഴക്കം രൂപപ്പെട്ടത്. മന്ത്രിപദവിയുള്ള ചീഫ് വിപ്പ് സഭയിൽ ഇപ്പോഴും ഈ അവകാശം വിനിയോഗിക്കുന്നുണ്ടെന്ന കാര്യവും സ്പീക്കർ ചൂണ്ടിക്കാട്ടി.
ഡെപ്യൂട്ടി സ്പീക്കർക്ക് സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളിൽ സഭയ്ക്കുള്ളിൽ ഇടപെടുന്നതിനോ സബ്‌മിഷനുകളിൽ പങ്കെടുക്കുന്നതിനോ നിയമസഭയുടെ ചട്ട പ്രകാരം യാതൊരുവിധ വിലക്കുകളുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശനും ചൂണ്ടിക്കാട്ടിയിരുന്നു. വർഷങ്ങളായി തുടർന്നുവന്ന ഈ നടപടി കേവലം ഒരു കീഴ്‌വഴക്കം മാത്രമായിരുന്നുവെന്നും നിയമപരമായ തടസ്സങ്ങളില്ലെന്നുമുള്ള വിലയിരുത്തലിലാണ് പുതിയ റൂളിംഗ്. ഇനി മുതൽ ഡെപ്യൂട്ടി സ്പീക്കർ നോട്ടീസ് നൽകിയാൽ അത് അവതരിപ്പിക്കുന്നതിനായി സഭ മുൻഗണന നൽകുമെന്നും സ്പീക്കർ വ്യക്തമാക്കി.